കുഞ്ഞന്ന പറഞ്ഞത്!

Tuesday, October 10, 2006

മാര്‍പാപ്പയും ഇസ്ലാമും ഒരു പ്രസംഗവും!

പൊതുവേ മാര്‍പാപ്പയോടും കത്തോലിക്കാ സഭയോടും അത്രയൊന്നും പ്രതിപത്തിയൊന്നും ഇല്ലാത്ത ഒരാളാണ്‌ ഞാന്‍ (അതല്പം മയപ്പെടുത്തി പറഞ്ഞതാണ്‌ - സത്യത്തില്‍ എനിക്ക്‌ വളരെ വിയോജിപ്പുള്ള ഒരു പ്രസ്ഥാനമാണത്‌). എന്നാല്‍ അടുത്തിടെ, മാര്‍പാപ്പയുടേതായി ഇസ്ലാമിനെക്കുറിച്ചുവന്ന അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ എനിക്കു തോന്നി - എവിടെയോ എന്തോ സ്പെല്ലിങ് മിസ്റ്റേക്കുന്ടല്ലോ.

വാര്‍ ഓണ്‍ ടെറര്‍, ഡാനിഷ് കാര്‍ട്ടൂണ്‍സ്‌, ഹീത്രൊ എയര്‍പോര്‍ട്ടില്‍ നിന്നു പറക്കുന്ന വിമാനങ്ങളില്‍ നടക്കുവാന്‍ സാധ്യതയുന്ടെന്നാരോപിക്കപ്പെട്ട വിമാനസ്ഫോടന പരമ്പരകളും അതിനെക്കുറിച്ചു യൂറൊപ്പു മുഴുവനുന്ടായ പിരിമുറുക്കങ്ങളും - തുടങ്ങി ഇത്രയേറെ കലുഷിതമായിരിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക്‌ അല്പമെങ്കിലും ചിന്തിച്ചാല്‍ ഒരു പരമോന്നത മതാധ്യക്ഷന്‍ അത്തരം ഒരു 'എമണ്ടന്‍' പടക്കം എടുത്തെറിയില്ല. പിന്നെ എവിടെ, ആര്‍ക്കാണ്‌ തെറ്റ്‌ പറ്റിയത്‌?

ഇതിനെക്കുറിച്ചൊന്നറിയാന്‍ മാര്‍പാപ്പയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം തേടിപ്പിടിച്ചു്‌ വായിച്ചു. കൂടാതെ ഇതു പ്രസംഗിച്ച 'കോണ്‍റ്റെക്സ്റ്റും' പരിശോധിച്ചപ്പളല്ലേ കാര്യം പിടികിട്ടിയത്‌.

യൂണിവേഴ്സിറ്റി ഓഫ്‌ റെഗെന്‍സ്‌ബെര്‍ഗിലെ കാംപസില്‍ വച്ചു തിയോളജി വിദ്യാര്‍ഥികളോടു നടത്തിയതാണ്‌ ഈ പ്രസംഗം. ഈ പോപ്‌ പോപ്പാവുന്നതിനും , കര്‍ദിനാളാവുന്നതിനും ഒക്കെ വളരെ മുമ്പ്‌ ഈ യൂണിവെഴ്സിറ്റിയിലെ, ഈ തിയോളജി ഫാക്കല്‍റ്റിയില്‍ പഠിപ്പിച്ചിരുന്നു. അതായത്‌ മാര്‍പാപ്പക്ക്‌ ഇതൊരു 'ട്രയംഫന്റ് റിട്ടേണാ'യിരുന്നു - പന്ടു പഠിപ്പിച്ച കലാലയത്തിലേക്ക്‌ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും, കാതലിക്‌ തിയോളജിയുടെ അവസാനത്തെ വാക്കുമായി മാറിയതിനു ശേഷമുള്ള ആദ്യ വരവ്‌. ഒരു കടി കട്ടിയുള്ള തിയോളജി വിഷയം തന്നെയായിക്കോട്ടെ പ്രസംഗിക്കാനായിട്ട് എന്ന്‌ നിരീച്ചു കാണും അദ്ദേഹം! അങ്ങനെ, ആപത്തിന്റെ ആദ്യ കരു നീങ്ങി.

ആപത്തിന്റെ രന്ടാം കരുവായത്‌ മാര്‍പാപ്പയുടെ പഴയ ജോലിയാണ്‌. പോപ് ആകുന്നതുവരെയുന്ടായിരുന്ന 'കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്റ്റ്റിന്‍ ഓഫ്‌ ഫെയിത്‌' എന്നറിയപ്പെടുന്ന പേപല്‍ ബോഡിയുടെ തലവന്‍ എന്ന കടുകട്ടിയായ സൈദ്ധാന്തികവേഷം. അതായത്‌ ആധ്യത്മികവാദഗതികളൊക്കെയെടുത്തിട്ട്‌ തിരിച്ചും മറിച്ചും അമ്മാനമാടുന്ന 'അക്കാഡമിക്' ലൈന്‍.

ചുരുക്കി പറഞ്ഞാല്‍, താന്‍ ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാണെന്നും, താന്‍ പറയുന്നതു ഒരു നല്ല തിയോളജി ചര്‍ച്ച എന്ന നിലക്കൊന്നും കാണാതെ, അല്പം മാത്രം വായിച്ച്‌ ബാക്കി കൂട്ടിച്ചേര്‍ത്ത്‌ വ്യഖാനിക്കാനായിരിക്കും മാധ്യമങ്ങള്‍ക്കു താല്പര്യം എന്നുമുള്ളതു മാര്‍പാപ്പ മറക്കാന്‍ ഈ രന്ടു കാര്യങ്ങളും കാരണമായിരിക്കണം.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ബാക്കി ഭാഗങ്ങളുമായി ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാകുന്നതിതാണ്‌. മാര്‍പാപ്പയുടെ ആശയം വേറൊന്നുമല്ലാ - വിവേചനബുദ്ധിയോടല്ലാതെ പ്രവര്‍ത്തിക്കുന്നത്‌ ദൈവത്തിന്‌ വിരുദ്ധമാണ്‌. (എന്റെ തര്‍ജമ ശരിയായില്ലെങ്കില്‍, in English - Not to act in accordance with logos (reason) is contrary to God's nature).

വിശ്വാസവും വിവേചനവും ഒന്നിച്ചു കൊന്ടു വരണമെന്ന ഒരു ആശയമാണ്‌ ഇവിടെ പോപ് പറയാന്‍ ശ്രമിച്ചത്‌. തികച്ചും കാലികപ്രസക്തിയുള്ള ഒരു വിഷയം. (ഇതിനെക്കുറിച്ച്‌ ഞാന്‍ ഒരു പോസ്റ്റിടാനുദ്ദേശിക്കുന്നുന്ട്, നാളെയോ മറ്റന്നാളോ).

അതിനായി മാനുവല്‍ രന്ടാമന്‍ എന്ന ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഒരു സൂചകമായി തിരഞ്ഞെടുത്തു. എന്നിട്ട്‌ ഒരു തിയോളജിക്കല്‍ ചര്‍ച്ചയില്‍ മാത്രം പറഞ്ഞു ഫലിപ്പിക്കാവുന്ന, അല്ലെങ്കില്‍ അത്തരം ഒരു സദസ്സിനുമാത്രം മനസ്സിലാവുന്ന ഈ വിഷയം ലോകമാധ്യമങ്ങള്‍കൂടി ചെവിതരുന്ന ഒരു സദസ്സില്‍ അവതരിപ്പിച്ചു എന്നതാണ്‌ മാര്‍പാപ്പക്ക്‌ പറ്റിയ കയ്യബദ്ധം ("ആളറിഞ്ഞു വിളമ്പണം" അല്ലെങ്കില്‍ "പാത്രമറിഞ്ഞു ദാനം ചെയ്യണം" എന്നൊക്കെ നമ്മുടെ കാര്‍ന്നോന്മാര്‍ പറയുന്നതെത്ര സത്യം!) .

അതു കേട്ട ഉടനെ രന്ടുമൂന്നു വാചകങ്ങള്‍ ഇഴപിരിച്ചെടുത്തതൊരു എരിതീയാക്കി നമ്മുടെ ലോകമാധ്യമങ്ങള്‍. പറഞ്ഞതില്‍ പാതി കേട്ടതു പാതി മനസ്സിലായ ഉടനെ, മാര്‍പാപ്പ ക്ഷമ പറയണം എന്നൊക്കെ വിളിച്ചു കൂവാനും ആളുന്ടായി.

ഒരു പ്രസംഗം വരുത്തിയ വിനകളേയ്‌. ഇനിയേതായാലും പലവട്ടം ചിന്തിച്ചും പഠിച്ചും പൊളിച്ചെഴുതിയുമേ മാര്‍പാപ്പ പ്രസംഗിക്കാനിറങ്ങിപ്പുറപ്പെടാന്‍ വഴിയുള്ളു.

7 Comments:

  • മാര്‍പാപ്പയുടെ പ്രസംഗത്തില്‍ ഇസ്ലാമിനെക്കുറിച്ച്‌ എന്താണു പറഞ്ഞത്‌? ശരിയോ തെറ്റോ? എന്റെ സ്വന്തമായ ഒരു വിശകലനം അധികം നീളമില്ലാത്ത ഒരു പോസ്റ്റായിടുന്നു. അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

    By Blogger കുഞ്ഞന്ന, at 8:18 PM  

  • ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടാതെ മനുഷ്യാ,
    മാനുഷ്യാ നീ മറന്നീടുന്നോ....

    By Blogger ഖാദര്‍, at 12:09 AM  

  • മാര്‍പ്പാപ്പയുടെ വാക്കുകള്‍ മാദ്ധ്യമങ്ങള്‍ എങ്ങിനെ വിശകലനം ചെയ്തു എന്നുംകൂടി പറഞ്ഞാലേ ലേഖനം പൂര്‍ണ്ണമാകൂ എന്നാണ് എന്റെ അഭിപ്രായം.

    By Blogger Sreejith K., at 6:39 AM  

  • കുഞ്ഞന്ന പറഞ്ഞത്‌ സത്യമാണ്‌. എന്നാല്‍ യാതാര്‍ഥ്യ ബോധമുള്ളവര്‍ക്കു മാത്രമേ യതാര്‍ഥ്യം ഉള്‍ക്കൊള്ളാനാവൂ. എന്നാല്‍ ഇന്ന് ലോകത്തില്‍ എന്തും പിന്തിരിപ്പന്‍ കണ്ണില്‍ക്കൂടിയേ കാണൂ. മാര്‍പ്പാപ്പ ഒരു പ്രസ്താവന ഇറക്കാന്‍ കാത്തിരിക്കുകയായിരുന്നു മാധ്യമ ലോകം.അവര്‍ അവര്‍ക്കാവുന്ന വിധം ചരിത്ര സംഭവങ്ങളുടേ അകമ്പടിയ്യൊടുകൂടീ ഊതി വീര്‍പ്പിച്ചു. അമേരിക്കയും കത്തോലിക്കാ സഭയുകൂടി ലോക മുസ്ലിമിനേ നേരിടാന്‍ ഇറങ്ങുന്നതായി വരേ അതു വ്യാഖ്യാനിക്കപ്പെട്ടു. വിവാദങ്ങളില്ലെങ്കില്‍ പിന്നെ എന്തു ലോകം. കഴിഞ്ഞ ആഴ്ചത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ലേഖനവുമുണ്ട്‌ ( ഒരു ദാവൂദാണ്‌ ഇതെഴുതിയിരിക്കുന്നത്‌)

    By Blogger കിരണ്‍ തോമസ് തോമ്പില്‍, at 7:55 AM  

  • പ്രവാസ പര്‍വ്വമേ - എന്നോടാണോ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടരുതെന്നു പറഞ്ഞത്‌? അതോ മാര്‍പാപ്പയോടോ?

    ശ്രീജിത്ത് - നന്ദി. മാധ്യമങ്ങള്‍ ഒത്തിരി പറഞ്ഞ് നമ്മളെല്ലാം വേണ്ടതിലധികം കേട്ടതാണല്ലോ എന്നു കരുതിയാണ്‌ ആ ഭാഗം ഒഴിവാക്കിയത്‌. വിസ്താരഭയവും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോളൂ. അടുത്ത തവണ ശ്രദ്ധിക്കാം.

    കിരണ്‍ - നന്ദി. പറഞ്ഞ ലേഖനം ഞാന്‍ കണ്ടില്ല. പക്ഷേ പൊതുവേ അതുപോലെ മറ്റു പലതും കണ്ടതിനാല്‍ അതിന്റെ സ്വഭാവം ഊഹിക്കാം.

    By Blogger കുഞ്ഞന്ന, at 11:59 AM  

  • ഈ മാര്‍പാപ്പയുടെ ഇമേജും ഒരു കര്‍‌ക്കശസ്വഭാവി എന്നതരത്തിലാണെന്നോര്‍ക്കണം. അതുകൊണ്ടുതന്നെ അല്പം മുന്‍‌വിധിയോടെയാകും അങ്ങോരുപറയുന്ന കാര്യങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നതും...

    By Blogger പാപ്പാന്‍‌/mahout, at 10:24 PM  

  • അതു ശരിയാ, പാപ്പാന്‍. ഞാന്‍ പറഞ്ഞതല്ലാതെ, അദ്ദേഹം അറിഞ്ഞുതന്നെ ഒരു ചെറിയ സാമ്പിള്‍ വെടിക്കെട്ട്‌ നടത്തിയതാണെന്നും അതിന്റെ ചൂടും പുകേം ഇത്രക്കിത്രേന്നൊക്കെ നന്നായിട്ടറിഞ്ഞു തന്നെയാരിക്കുമെന്നുമൊക്കെ വേറൊരു മതം. അതു ശരി വെല്ലോമാണെങ്കില്‍, പിന്നെ കാര്യം പോക്കാ.

    By Blogger കുഞ്ഞന്ന, at 8:11 AM  

Post a Comment

<< Home